ഹൂഗ്ലി: ബംഗാളില്‍ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂഗ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ഹൗറയിലെ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായി വരുമ്പോഴാണ് ബംഗാളിലെ ഹൂഗ്ലിയില്‍ ബി.ജെ.പി നടത്തിയ ഘോഷയാത്രയില്‍ ഇന്നലെ വൈകിട്ട് സംഘര്‍ഷമുണ്ടായത്.
രാമനവമി ശോഭാ യാത്രയ്ക്കിടെയാണ് ഞായറാഴ്ച അക്രമവും തീവെപ്പും പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) മറ്റ് ഹിന്ദു സംഘടനകളും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ആക്രമണത്തില്‍ ബിജെപി എംഎല്‍എ ബിമന്‍ ഘോഷിന് പരിക്കേറ്റിരുന്നു. ഹൗറ സംഘര്‍ഷം എന്‍.ഐ. എയെ കൊണ്ട് അനേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. ആറാം തിയതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം.