ദില്ലി: ആദ്യ വര്‍ഷത്തിലെ തിരിച്ചടികള്‍ക്ക് ഇടയിലും ഇന്ത്യയില്‍ ചീറ്റയെ പുനരവതരിപ്പിച്ച പദ്ധതി ശരിയായ പാതയിലാണെന്ന് വ്യക്തമാക്കി നമീബിയ ആസ്ഥാനമായുള്ള ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്). ചീറ്റകളെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുന്നതില്‍ ഇന്ത്യയെ വളരെയധികം സഹായിച്ച സംഘടനയാണ് സിസിഎഫ്. സംഘടനയുടെ സ്ഥാപകയായ ലോറി മാര്‍ക്കര്‍ ഈ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്, കൂടാതെ 2009 മുതല്‍ ഇന്ത്യയിലേക്ക് അവര്‍ നിരവധി തവണ എത്തുകയും ചെയ്തിരുന്നു.
‘ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് ധീരമായ ഒരു ശ്രമമായിരുന്നു, വെല്ലുവിളികള്‍ നിറഞ്ഞതും. നമീബിയയില്‍ നിന്നുള്ള ഒരു പെണ്‍ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങള്‍ ജനിച്ചതും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളുടെ കൂട്ടത്തെ കൂടി എത്തിച്ചതും നമ്മള്‍ ആഘോഷിച്ചു- മാര്‍ക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.’പ്രൊജക്റ്റ് ശരിയായ പാതയിലാണെന്നതും ചീറ്റകളുടെ ഭൂപ്രദേശം ഇന്ത്യയിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമാകുന്നതിലും നമീബിയ അഭിമാനിക്കുന്നു,’ നമീബിയയുടെ നാഷണല്‍ അസംബ്ലി സ്പീക്കറും സിസിഎഫിന്റെ ഇന്റര്‍നാഷണല്‍ പേട്രനുമായ പീറ്റര്‍ കട്ജാവിവി പറഞ്ഞു.