തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. സിപിഐഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു.
വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന സമ്മേളനത്തിൽ ആര് പതാക ഉയർത്തണമെന്നത് നാളെ 4 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അറിയിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാൾ കൊച്ചിയിൽ തുടക്കമാകും. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. കോവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂനര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ 1 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.