ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ ഹിന്ദുസാമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി. മർദ്ദനത്തെ തുടർന്ന് 58-കാരനായ ഭാബേഷ് ചന്ദ്ര റോയി ആശുപത്രിലേക്കുള്ള യാത്രമധ്യേ മരിച്ചു. വ്യാഴാഴ്ച വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോൺകോൾ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോൺവിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ ശന്തന പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേർ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷദിന്റെ ബീരാൽ ഘടകം വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ബീരാൽ പോലീസ് അറിയിച്ചു. അതേസമയം പശ്ചിമബംഗാളിൽ നടക്കുന്ന സംഘർഷത്തെ കുറിച്ചുള്ള ബംഗ്ലാദേശി ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ വെള്ളിയാഴ്ച ഇന്ത്യ പാടെ തള്ളി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ കാര്യത്തിൽ അധികം ശ്രദ്ധ ചെലുത്തേണ്ടതില്ലെന്നും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേർക്ക് നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കാനുള്ള നടപടികളിലാണ് ശ്രദ്ധിക്കേണ്ടതെന്നും ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായി ജയ്‌സ്വാൾ പറഞ്ഞു.