ന്യൂഡല്‍ഹി : സ്വത്തവകാശം ഭരണഘടനാപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. എന്നിരുന്നാലും നഷ്ടപരിഹാരത്തുക വിതരണത്തിൽ കാലതാമസം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ പിന്നീടുള്ള മറ്റൊരു തീയതി അടിസ്ഥാനമാക്കി വില പുനർനിർണയിക്കാമെന്നും കോടതി പറഞ്ഞു. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം.
വിദ്യാദേവി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് (2020) കേസ് ഉദ്ധരിച്ച് നിയമപരമായി നിലനിൽക്കുന്ന ഒരു ക്ഷേമ സ്ഥാപനമെന്ന നിലയിൽ സർക്കാറിന് ഭരണഘടന നിർവചിച്ച് നൽകിയതിന് അതീതമായി അധികാരം പ്രയോഗിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തുടർന്ന് അൾട്രാ-ടെക് സിമൻറ് ലിമിറ്റഡ് വേഴ്സസ് മാസ്റ്റ് റാം (2024) പരാമർശിച്ച കോടതി ഉടമയിൽനിന്ന് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ആർട്ടിക്ൾ 300 എയുടെ ഉദ്ദേശ്യലക്ഷ്യത്തെ ആകെ നിരാകരിക്കുന്നതാണെന്നും വിലയിരുത്തി. അനുച്ഛേദം 142 പ്രകാരമുള്ള കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് 2019 ഏപ്രിൽ 22ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനും ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നിയമാനുസൃത ആനുകൂല്യങ്ങൾ നൽകാനും പ്രത്യേക ലാൻഡ് അക്വിസിഷൻ ഓഫിസറോട് (എസ്.എൽ.എ.ഒ) ബെഞ്ച് നിർദേശിച്ചു.