പത്തനംതിട്ട : സ്‌കൂള്‍ കലോത്സവം നടക്കുന്ന ജില്ലകളില്‍ അധ്യാപക പരിശീലനം മാറ്റി വെയ്‌ക്കാമെന്ന നിര്‍ദേശം ജില്ലയില്‍ നടപ്പിലാക്കാത്തതു മൂലം വലഞ്ഞത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. മല്ലപ്പള്ളി, റാന്നി,കോന്നി ഉപജില്ലകളിലാണ് ജില്ലയില്‍ 22ന് മത്സരങ്ങള്‍ ആരംഭിച്ചത്. ഈ ഉപജില്ലകളിലെ അധ്യാപക പരിശീലനം 27ലേക്ക് മാറ്റി തിങ്കളാഴ്‌ച്ച വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഉത്തരവുമിറക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ സംസ്ഥാനത്തെമ്പാടും ഒറ്റ ദിവസം ക്ലസ്‌റ്റര്‍ പരിശീലനം നടത്തണമെന്ന് വാശി പിടിച്ചതാണ് ജില്ലയില്‍ അധ്യാപകര്‍ക്കും വേദി നിശ്‌ചയിച്ച സ്‌കൂളുകള്‍ക്കും വന്‍ സാമ്പത്തിക ബാധ്യത വരുത്തിയതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീചേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ബുധന്‍ രാവിലെ സര്‍വ ശിക്ഷാ കേരള ആസ്‌ഥാനത്തു നിന്നും പുറപ്പെടുവിച്ച നിര്‍ദേശം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ നടപ്പിലാക്കിയിരുന്നെങ്കിലും പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഭാരിച്ച സാമ്പത്തിക ബാധ്യതയിലാണ് എ.ഇ.ഓമാര്‍ ഉപജില്ലാ മേളകള്‍ സംഘടിപ്പിക്കുന്നത്.
അതിനിടെ രണ്ടു ദിവസം മേള നീളുന്നത് കടുത്ത പ്രതിസന്ധിയാകും. പരിശീലകരും രക്ഷിതാക്കളും കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്. സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് അധ്യാപക പരിശീലനം മാറ്റാമെന്നിരിക്കേ ഉപജില്ലാ മേളകള്‍ മാറ്റി വെയ്‌ക്കേണ്ടി വന്നത് വിദ്യാര്‍ത്ഥികളോടും അധ്യാപക സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് എസ്. പ്രേം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫ്രെഡി ഉമ്മന്‍, സംസ്‌ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഫിലിപ്പ് ജോര്‍ജ്, വര്‍ഗീസ് ജോസഫ്, വി.ജി കിഷോര്‍, എസ്. ദിലീപ് കുമാര്‍, ബെറ്റി അന്നമ്മ തോമസ്, ജോണ്‍ഫിലിപ്പ്, ആര്‍. ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.