ഗുജറാത്ത് : മുഹമ്മദ് ഈസ എം ഹക്കീം എന്നയാൾ നൽകിയ ഹർജിയിന്മേലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഗുജറാത്ത് സർക്കാർ പാസാക്കിയ നിയമം ആളുകളുടെ മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ ഇയാൾ ആരോപിച്ചിരുന്നു.
“നിയമത്തിലെ ആറ് നിബന്ധകൾ നടപ്പിലാക്കാനാവില്ല. കാരണം രണ്ട് മതങ്ങളിലുള്ളവർ തമ്മിൽ നിർബന്ധിതമല്ലാതെയും സ്വയേഷ്ടപ്രകാരവും വിവാഹം ചെയ്താൽ അത് നിർബന്ധിതമായി മതം മാറ്റി നടന്ന വിവാഹമാണെന്ന് പറയാനാവില്ല.”- ഉത്തരവിൽ കോടതി വ്യക്തമാക്കി.
ഈ വർഷം ഏപ്രിലിലാണ് ഗുജറാത്ത് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവന്നത്. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് ഗുജറാത്ത് നിയമസഭ പാസാക്കുകയായിരുന്നു. വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ ഇനി നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും. 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.
“2003 ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താനായി വിവാഹം കഴിക്കുന്നതിൽ നിന്ന് നിയമം തടയും.”- ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു.
യുപിയിലാണ് ആദ്യമായി ഈ നിയമം കൊണ്ടുവന്നത്. പിന്നീട് മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം സുപ്രിം കോടതി പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്.