ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാകിസ്താനില്‍ വന്‍സംഘര്‍ഷം. തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പാക് എയര്‍ഫോഴ്‌സ് മെമ്മോറിയല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. മുന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റില്‍ പാകിസ്ഥാനിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. ആള്‍ക്കൂട്ടം തടയാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
അഴിമതിക്കേസില്‍ ഹാജരാകാനാണ് വന്‍ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടത്. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികള്‍ക്ക് മനസിലാകും മുമ്പേ റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാന്‍ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.