തിരുവനന്തപുരം : ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭകളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ തയ്യാറാവില്ല.
തന്റെ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് തന്നെ നിയമിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടന്ന് തിരിച്ചുവരവ് ഉണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും അല്ലാതെ മറ്റാരെയും ഉദ്ദേശിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കളി പ്രയോഗം കുമ്മനത്തേക്കുറിച്ചാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ ഒഴിവിലാണ് പി.എസ്. ശ്രീധരന്‍ പിള്ള ഗവര്‍ണറായത്