തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പ്രതികരിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് വഴിയൊരുക്കിയത്.
ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു . ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു, ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി.
തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല. മധ്യസ്ഥത്തിന് ഡിവൈഎഫ്‌ഐ എത്തിയപ്പോള്‍ സ്വീകരിച്ചത് അതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ ശോഭാ സുരേന്ദ്രന്‍ ഒരു അവസരമുണ്ടാക്കിയപ്പോള്‍ അത് പ്രയോജനപ്പെടുത്തിയതും അതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.