തിരുവനന്തപുരം : കെ.എ.എസ് പരീക്ഷയ്‍ക്കെതിരെ ഗുരുതര ആരോപണവുമായി പി ടി തോമസ് എംഎല്‍എ. കെഎഎസ് പരീക്ഷയിൽ പാകിസ്ഥാൻ സിവിൽ സർവ്വീസ് പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി പകർത്തിയെന്നാണ് പി ടി തോമസിന്റെ ആരോപണം. ആറ് ചോദ്യങ്ങൾ പകർത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.
അതേസമയം എംഎല്‍എയുടെ ആരോപണം തള്ളി പിഎസ്‍സി ചെയർമാൻ രംഗത്തെത്തി. ആരോപണം പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാൻ വേണ്ടിയാണെന്ന് എം കെ സക്കീർ പ്രതികരിച്ചു. കെ എ എസ് ചോദ്യങ്ങൾ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി ഇന്ന് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നൽകുക. ജൂൺ മാസത്തോടെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയുടെ 300 മാർക്കും അഭിമുഖത്തിന്റെ 50 മാർക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്സി ഉദ്ദേശിക്കുന്നത്.
പിഎസ്‍സി പരിശീലനത്തിന്റെ മറവിലെ വൻ തട്ടിപ്പുകള്‍ നടക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരിൽ പിഎസ്‍സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. പൊതുഭരണവകുപ്പിലെ അസിസ്റ്റൻ്റുമാരായ ഷിബു കെ നായർ, രഞ്ജൻ രാജ് എന്നിവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്. പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പല കേന്ദ്രങ്ങളിലും പഠിപ്പിക്കുന്നതായുള്ള വിവരവും വിജിലൻസിന് കിട്ടി.