പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭയിലെ 32 കൌണ്‍സില്‍ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോസ് മൌണ്ട് ഓഡിറ്റോറിയത്തില്‍ ആയിരുന്നു ചടങ്ങുകള്‍. മുതിര്‍ന്ന അംഗവും വാര്‍ഡ് 29 ലെ കൌണ്‍സിലറുമായ അജിത് കുമാറിനെ വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിച്ചു. തുടര്‍ന്ന് അജിത് കുമാര്‍ മറ്റുള്ള 31 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ പുതിയ ഭരണസമിതിയുടെ ആദ്യ കൌണ്‍സില്‍ യോഗവും നടന്നു. മുതിര്‍ന്ന അംഗമായ അജിത് കുമാര്‍ ആയിരുന്നു അധ്യക്ഷന്‍. ഡിസംബര്‍ 28 ന് രാവിലെ 10 മണിക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം വൈസ് ചെയര്‍ പേഴ്സന്‍ തെരഞ്ഞെടുപ്പും നടക്കും.
32 അംഗ പത്തനംതിട്ട നഗരസഭാ കൌണ്‍സിലില്‍ നിലവിലുള്ള കക്ഷിനില എല്‍.ഡി.എഫ് – 13, യു.ഡി.എഫ് 13, എസ്.ഡി.പി.ഐ 03, സ്വതന്ത്രര്‍ 03 എന്നിങ്ങനെയാണ്. ജയിച്ച സ്വതന്ത്രരില്‍ എല്ലാവരും കോണ്‍ഗ്രസ് വിമതരാണ്. വാര്‍ഡ് 29 ലെ അജിത് കുമാര്‍ ഇന്ന് നാടകീയമായി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ എല്‍.ഡി.എഫിന്റെ അംഗ ബലം 14 ആയി. നഗരസഭയുടെ ഭരണം എങ്ങോട്ട് ചായുമെന്ന് പ്രവചിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. എസ്.ഡി.പി.ഐ യുടെ മൂന്ന് അംഗങ്ങളും രണ്ട് സ്വതന്ത്രരും ഇതുവരെ മനസ്സു തുറന്നിട്ടില്ല.