രേഖ ഹാജരാക്കണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പട്ടികവര്‍ഗക്കാര്‍ ഒഴികെ) വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം 2023 ഫെബ്രുവരി 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇ-ലേലം
ജില്ലയിലെ പത്തനംതിട്ട, ആറന്മുള, അടൂര്‍, കൊടുമണ്‍, കോന്നി, കൂടല്‍, തണ്ണിത്തോട്, ചിറ്റാര്‍, തിരുവല്ല, കീഴ്‌വായ്പൂര്‍, കോയിപ്രം എന്നീ 11 പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള വിവിധ തരത്തിലുളള 53 ലോട്ടുകളിലായുളള 220 വാഹനങ്ങള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഇ-ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0468 2 222 630.
വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2 259 952, 9495 701 271, 9995 686 848.
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ വരുടെ പ്ലസ്വണ്‍ മുതലുള്ള കുട്ടികള്‍ക്ക് 2022-2023 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. 2022 ഒക്ടോബര്‍ 31 ന് മുന്‍പ് അപേക്ഷിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2 220 248.
ഗതാഗത നിയന്ത്രണം
ആനകുത്തി കുമ്മണ്ണൂര്‍ റോഡില്‍ പാച്ച് വര്‍ക്ക് നാളെ മുതല്‍ (29) ഒക്ടോബര്‍ ഒന്നു വരെ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ് മാവനാല്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍ വഴി പോകണമെന്ന് ജില്ലാ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പരിശീലനം പരിപാടി
വ്യവസായ വാണിജ്യ വകുപ്പിന്റെ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശ്ശേരിയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന’പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2 720 311, 9744 665 687, 9846 797 000. ഇമെയില്‍: [email protected]
വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
‘സുദൃഢം ക്യാമ്പയിന് തുടക്കം; ആദ്യ പട്ടികവര്‍ഗ അയല്‍ക്കൂട്ടമായി മൂഴിയാറിലെ നന്ദനം’
കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉള്‍ച്ചേര്‍ക്കല്‍ ഉണ്ടാക്കുന്നതിനും കുടുംബശ്രീ 25ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം 15 ദിവസം ദൈര്‍ഘ്യമുള്ള സുദൃഡം ക്യാമ്പയിന്‍ സംസ്ഥാനമൊട്ടാകെ നടപ്പാകുന്നു. ക്യാമ്പയിന്റെ ഭാഗമായി മൂഴിയാറില്‍ മലൈപണ്ടാരം കുടുംബങ്ങള്‍ക്കായി അയല്‍ക്കൂട്ടം രൂപീകരിച്ചു. രൂപീകരണ യോഗം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. വനത്തെ ഉപജീവിച്ചുകഴിയുന്ന കുടുംബങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടമായ നന്ദനം രൂപീകരിച്ചത്.
അയല്‍ക്കൂട്ടത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ സഹായങ്ങള്‍ക്കായി സിഡിഎസ് മുഖേന റിസോഴ്സ് പേഴ്സണെ നിയോഗിക്കും. സി.ഡി.എസ്ചെയര്‍പേഴ്സണ്‍ ഗ്രേസി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ ഷാജഹാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ബിന്‍സി വിജോയ്, സിഡിഎസ് അക്കൗണ്ടന്റ് കണ്ണന്‍, സിഡിഎസ് മെമ്പര്‍ സുശീലാമ്മ, അനിമേറ്റര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷ ക്ഷണിച്ചു
ആധുനിക സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനം നടത്തുന്നതിനുള്ള മികച്ച സംവിധാനമാണിത്. പരമാവധി അഞ്ച് ഹെക്ടര്‍ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതി പിഎംകെഎസ് വൈ-പിഡിഎംസി യില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. അപേക്ഷ അതാത് കൃഷി ഭവാനിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കടക്കാട് പന്തളം പി ഒ, എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. ഫോണ്‍ : 8281 211 692, 7510 250 619, 9496 836 833, 6282 516 897.
നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനം
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2022-23 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2008 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ 30നോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം.അപേക്ഷകര്‍ 2022 ഒക്ടോബര്‍ 15-നു മുന്‍പായി www.navodaya.gov.in, www.nvsadmissionclanssin-e.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കണം. ഫോണ്‍ : 0473 5 265 246