റാന്നി : അങ്ങാടിയിലെ പുളിമുക്ക് തോട് മാലിന്യം കൊണ്ട് നിറഞ്ഞു. മത്സ്യ മാംസാവശിഷ്ടവും പ്ലാസ്റ്റികും കുപ്പികളും ചീഞ്ഞളിഞ്ഞ പച്ചക്കറികളും തള്ളുവാനായിട്ട് മാത്രമാണ് ഇപ്പോള്‍ പുളിമുക്ക് തോട് ഉപയോഗിക്കുന്നത്. ദുര്‍ഗന്ധവും ഈച്ചശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്. പഞ്ചായത്തിന്‍റെ വിളിപ്പാടകലെ തിരക്കേറിയ തിരുവല്ല-റാന്നി പാതയുടെ സമീപത്താണ് ഇത്. പമ്പാനദിയില്‍ അങ്ങാടി ജലപദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിന് മുകള്‍ ഭാഗത്തായി സംഗമിക്കുന്ന തോടാണിത്. തോടിന്‍റെ കരയിലായി ഒട്ടേറെ ചെറുകിട ലോഡ്ജുകളുണ്ട്. കൂടാതെ ഹോട്ടലുകളും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലെ മാലിന്യവും ഇക്കൂട്ടത്തിലുണ്ട്.
ഇരുളിന്‍റെ മറവില്‍ മല്‍സ്യ മാംസാദികളുടെ അവശിഷ്ടങ്ങളും പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി ഇവിടെ എത്തിച്ച് തള്ളിയിരിക്കുകയാണ്. ഇതുവഴി പോകുന്നവര്‍ക്ക് മൂക്ക് പൊത്താതെ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈച്ചയും കൊതുകും ആര്‍ത്തു പെരുകുകയാണ്. ആർക്കും എപ്പോഴും മാലിന്യം തള്ളാനുള്ള ഇടമായി മാറി പുളിമുക്ക് തോട്. പാലത്തോടു ചേർന്നു തോട്ടിൽ മാലിന്യ വസ്തുക്കൾ നിറഞ്ഞു കഴിഞ്ഞു. ഹോട്ടലുകളിലെയും ടീഷോപ്പുകളിലെയും മാലിന്യവുമുണ്ട് ഇവിടെ. പഴകിയ ഭക്ഷണങ്ങളും മൽസ്യ മാംസാദികളുടെ അവശിഷ്ടങ്ങളുമെല്ലാം തോട്ടിലേക്കു വലിച്ചെറിയുന്നു. ഇരുളിന്റെ മറവിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം മാലിന്യം തോട്ടിലേക്കു തള്ളുകയാണ്. പഞ്ചായത്ത് ഓഫീസിനു വിളിപ്പാടകലെയാണ്ഈ കാഴ്ച്ച. പരാതി ഏറുമ്പോൾ മാലിന്യം ഇവിടെ തള്ളുന്നതു ശിക്ഷാർഹമാണെന്ന ബോർഡ് പഞ്ചായത്ത് സ്ഥാപിക്കും. നിലവിൽ ബോർഡുമില്ല. അതു കഴിഞ്ഞ പ്രളയത്തിൽ നശിച്ചു. മഴക്കാലത്ത് നീരൊഴുക്ക് ഉള്ളതിനാല്‍ ഈ മാലിന്യം എല്ലാം എത്തിച്ചേരുന്നത് പമ്പാനദിയിലാണ്. ജലജന്യ രോഗങ്ങളാകും ഇതിന്‍റെ ഭീകരത നമ്മുക്ക് സമ്മാനിക്കുന്നത്.പഞ്ചായത്തും ആരോഗ്യ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു ജനതയെ ഒട്ടാകെ ബാധിക്കുന്ന വിഷയമായി ഇതുമാറും.