തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ജോജു ചിത്രം ‘പുലിമട’യിലെ പ്രമോ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ് ഗായകരായ ഡബ്സി, ജഹാൻ, സാറ റോസ് ജോസഫ് എന്നിവർ ആലപിച്ച ‘മട ട്രാൻസ്’ എന്ന റാപ്പ് ഗാനമാണ് റിലീസായിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഈ അടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായ ‘മലബാറി ഗ്യാങ്’ ഗാനം ആലപിച്ച ഡബ്‌സിയുടെ ‘മട ട്രാൻസ്’ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു.
ജോജു ജോർജ് – ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കോമഡി ഫാമിലി ത്രില്ലർ ‘പുലിമട’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. നർമ്മവും ത്രില്ലും നിറച്ചെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. എ കെ സാജൻ തിരക്കഥ – സംവിധാനം – എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രം തിയേറ്ററിൽ മികച്ച അനുഭവമാണ് നൽകിയത്. സ്ലോ പേസ് മൂഡിൽ കഥ പറഞ്ഞ് ത്രില്ലറിൽ എത്തുന്ന ചിത്രം മേക്കിങ്, ക്യാമറ, സംഗീതം തുടങ്ങി സാങ്കേതിക വശങ്ങളിൽ എല്ലാം മികവ് പുലർത്തി നിൽക്കുന്നതാണ്. വ്യത്യസ്തമായൊരു കഥാപശ്ചാത്തലവുമായി എത്തിയ പുലിമട അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ തന്നെയാണ്. പതിവ് പ്രതീക്ഷകൾ തെറ്റിക്കാത്ത ജോജുവിന്റെ പ്രകടനം ഒരിക്കൽ കൂടി കാഴ്ചക്കാരെ ഞെട്ടിച്ചു. ആദ്യ ഭാഗം കോമഡിയും രണ്ടാം ഭാഗം ത്രില്ലറും ആണ് ചിത്രം. ജോജുവിന്റെ നിറഞ്ഞാട്ടം തന്നെയായിരുന്നു ‘പുലിമട’ വിൻസെന്റ് എന്ന കഥാപാത്രം.