പത്തനംതിട്ട : ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവിന്മേല് ഇന്നു പുലര്‍ച്ചെയാണ് ഷട്ടറുകള്‍ തുറന്നത്.
പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററില്‍ അധികം ഉയരാതെ നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാര്‍ അണക്കെട്ടും ഉടന്‍ തുറക്കും. ഇതിന് പുറമെ ഇടുക്കി അണക്കെട്ടും ഇന്ന് പകല്‍ 11 മണിക്ക് തുറക്കുന്നുണ്ട്.