കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ സുഗമമായി കടന്നു പോകാൻ തുടങ്ങിയത് മുതൽ അമിത വേഗത കാരണം കുരുതി കളമായി മാറുകയാണ് സംസ്ഥാന പാത. 70 കിലോമീറ്റർ വേഗതയിൽ മാത്രമാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടി സഞ്ചരിക്കാവുന്ന പരമാവധി വേഗ പരിധി എന്ന് നിർമാണം പൂർത്തിയാക്കിയ കെ എസ് റ്റി പി അധികൃതർ പറയുന്നു. എന്നാൽ ഇരുചക്ര വാഹനങ്ങൾ അടക്കം കോന്നിയിൽ കൂടി കടന്നു പോകുന്നത് ഇതിലും ഉയർന്ന വേഗ പരിധിയിൽ ആണെന്ന് ഉള്ളതാണ് വാസ്തവം. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായതായി പറയുമ്പോഴും വാഹനങ്ങളുടെ വേഗത കുറക്കുന്നത്തിനാവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിൽ നടന്ന വാഹന അപകടങ്ങളിൽ പത്തോളം ആളുകൾ ആണ് മരണപെട്ടത്. അപകടത്തിൽ ഗുരുതരമായി ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്.
മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ, മല്ലശേരി മുക്ക്, മുറിഞ്ഞകൽ, കൊല്ലൻപടി, നെടുമൺകാവ്, ഇഞ്ചപ്പാറ, കലഞ്ഞൂർ തുടങ്ങി വിവിധ ഇടങ്ങളിൽ അപകടങ്ങൾ നാൾക്ക് നാൾ വർധിക്കുകയാണ് ഇപ്പോൾ. മാമൂട്, മുറിഞ്ഞകൽ, മല്ലശേരിമുക്ക് മേഖലകളിൽ നിരവധി വാഹനാപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. സംസ്ഥാന പാതയിൽ റോഡിൽ പലയിടത്തും വീതി കുറവുള്ളത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. ശബരിമല മണ്ഡല കാലം അടുത്തത്തോടെ തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ അടക്കം കോന്നി വഴിയാണ് കടന്നു വരുന്നത്. മറ്റ് ചില സംസ്ഥാനങ്ങളിൽ വേഗ പരിധി കൂടുതൽ ആയതിനാൽ അതേ വേഗതയിൽ സംസ്ഥാന പാതയിൽ വരുന്നതും അപകടങ്ങൾക്ക് കാരണമായി തീരുന്നു. ഇടക്കിടെ പെയ്യുന്ന മഴ മൂലം വാഹനങ്ങളുടെ ടയറുകൾ തെന്നി മാറുന്നതും അപകടം വർധിപ്പിക്കുന്നു. കോന്നിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അപകടങ്ങളിൽ ഭൂരിഭാഗവും ടയറുകൾ തെന്നി മാറിയതിനാൽ സംഭവിച്ചത് എന്ന് പ്രത്യക്ഷത്തിൽ ബോധ്യമായിട്ടുണ്ട്. കോന്നിയിലെ പ്രധാന ട്രാഫിക് ജംഗ്ഷൻ ആയ കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ്കളോ ഗതാഗത നിയന്ത്രണത്തിനുള്ള ഉദ്യോഗസ്ഥരോ ഇല്ല. ഇത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. ശബരിമല മണ്ഡലകാലം കൂടി ആയതോടെ സംസ്ഥാന പാതയിൽ അപകടങ്ങൾ കൂടുവാൻ ഉള്ള സാധ്യത ഏറെയാണ്. പല ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും ലൈഫ് ഗാർഡ്കളെയും നിയമിക്കാനുണ്ട്. കോന്നി സെൻട്രൽ ജംഗ്ഷനിൽ പോലും അപകടങ്ങൾ തുടർകഥയായിമാറുകയാണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി റോഡിന് നടുവിൽ സ്വകാര്യ ബസുകളും കെ എസ് ആർ റ്റി സി യും അടക്കം നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത് വലിയ ഗതാഗതകുരുക്കാണ് സൃഷ്ടിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ക്യാമറയുമില്ല. ഈ മണ്ഡലകാലം അപകടകാലമായി മാറാതെ ഇരിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് ആവശ്യമാണ്.