കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന കോന്നി മുതൽ കുമ്പഴ വരെയുള്ള ഭാഗം താത്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകും. മെയ് പതിനഞ്ചോടെയാണ് റോഡ് തുറന്ന് നല്കുന്നത്. കോന്നി ഇളകൊള്ളൂരിൽ പ്രധാന ഭാഗത്ത് പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് കോന്നി ട്രാഫിക്ക് സിഗ്‌നലിന് സമീപത്ത് വെച്ച് റോഡ് അടച്ചിട്ടിരുന്നത്.
ഗതാഗതം വഴിതിരിച്ച് വിട്ടതോടെ കോന്നി – വെട്ടൂര്‍ – കുമ്പഴ റോഡ് വഴിയും കോന്നി – പൂങ്കാവ് റോഡ് വഴിയുമാണ് പത്തനംതിട്ടയിലേക്ക് വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ആപ്രിൽ 23 വരെയാണ് അടച്ചിടുവാൻ അനുമതി ഉണ്ടായിരുന്നത്. പാലത്തിന്റെ വാർപ്പ് കഴിഞ്ഞ് പാലം ബലപ്പെട്ടതോടെയാണ് റോഡ് തുറന്ന് നൽകുന്നതിന് തീരുമാനമായത്. കോന്നി സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിനായി സ്ഥാപിച്ചിരുന്ന ബോര്‍ഡ് കോന്നി പോലീസ് എടുത്ത് മാറ്റിയത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു .
പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നവീകരണങ്ങൾ 738 കോടി രൂപ ചിലവഴിച്ച് മൂന്ന് റീച്ചുകളായാണ് നടത്തുന്നത്. പുനലൂർ മുതൽ കോന്നി വരെ 226 .61 കോടി രൂപയാണ് അടങ്കൽ തുക. റോഡിന് ഇരുവശവും ഓടകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി വരുന്നുണ്ട്. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രേക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പതിനാല് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പത്ത് മീറ്റർ വീതിയിൽ ടാറിങ് നടത്തി ഇതിന്റെ ഇരുവശങ്ങളും രണ്ടുമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും.
കോന്നി, ചിറ്റൂർ മുക്ക്, മല്ലശേരിമുക്ക്, കുമ്പഴവടക്ക്, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക് പടി, ട്രഷറിപ്പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ് സ്റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, തുടങ്ങിയ ജംഗ്ഷനുകൾ എല്ലാം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വികസിപ്പിക്കും. ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേകള്‍ , നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കും.