റാന്നി : കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ പാത അഴിമതി ആരോപണത്തിലും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയിലും റെക്കോഡ് ഭേദിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക സ്ഥലത്തും നിര്‍മ്മാണം നടക്കുന്നത്. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ കരാറുകാരുടെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ്. പാത നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ദിനംപ്രതി ഉയരുകയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും.
റാന്നി മാമുക്ക് ജംഗ്ഷനിലെ ഓട നിര്‍മ്മാണം ആരെയും അത്ഭുതപ്പെടുത്തും. ഓടയുടെ ഒത്ത നടുക്ക് ഇലക്ട്രിക് നിലനിര്‍ത്തിക്കൊണ്ടാണ് ആധുനിക പാതയുടെ ഭാഗമായ ഓടനിര്‍മ്മാണം പുരോഗമിക്കുന്നത്. നിരവധി സ്ഥലത്ത് ഇപ്രകാരം പോസ്റ്റ് ഓടയില്‍ നിര്‍ത്തി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓടയില്‍ വെള്ളം ഒഴുക്ക് തുടങ്ങിയാല്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. ഫലത്തില്‍ വെള്ളം ഒഴുകുന്നത് റോഡില്‍ക്കൂടിയായിരിക്കും. തന്നെയുമല്ല ഓടയുടെ മുകളില്‍ ടൈല്‍സ് പാകിയാണ് നടപ്പാത നിര്‍മ്മിക്കുന്നത്. തിരക്കേറിയ ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന നടപ്പാതയുടെ ഒത്ത നടുവില്‍ വൈദ്യുതി പോസ്റ്റുകള്‍ നിന്നാല്‍ അത് സഞ്ചാരത്തിന് തടസ്സമാകുക മാത്രമല്ല അപകടങ്ങള്‍ക്കും കാരണമാകും.
ഈ തലതിരിഞ്ഞ നിര്‍മ്മാണത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണ് എന്നതാണ് ഏറെ വിചിത്രം. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും പുനലൂര്‍ – മൂവാറ്റുപുഴ പാത നിര്‍മ്മാണം വന്‍ അഴിമതിയാണെന്നും ജനങ്ങള്‍ പ്രതികരിക്കുന്നു. പാത നിര്‍മ്മാണത്തിന് കരാര്‍ എടുത്ത കമ്പിനി കെ.എസ്.ഇ.ബിക്ക് അടക്കുവാനുള്ള ഫീസ് അടക്കാത്തതുകൊണ്ടാണ് വൈദ്യുതി വകുപ്പ് പോസ്റ്റുകള്‍ മാറ്റാത്തതെന്നാണ് ലഭിക്കുന്ന വിവരം. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഈ തുകയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കരാര്‍ കമ്പിനി ഇതൊന്നും പാലിക്കുന്നില്ലെന്നും കോടികള്‍ അടിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ജനങ്ങളെ വിഡ്ഢികളാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുവാനാണ് ഇനിയും തുനിയുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുമെന്നും മാമുക്കിലെ വ്യാപാരികള്‍ പറഞ്ഞു.