കോന്നി : മലയോര മേഖലയുടെ ജീവനാഡിയായ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസന പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോന്നി റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോന്നി മുതൽ കുമ്പഴ വരെയുള്ള ഭാഗത്തെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി കോന്നി ആർ വി എച്ച് എസ് എസിന് സമീപത്തെ റോഡിലെ കാട് തെളിക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിന് മുൻപ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ച് നീക്കുന്ന ജോലികൾ ചെയ്തിരുന്നു. കെ എസ് ടി പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോക ബാങ്ക് സഹായത്തോടെയാണ് റോഡ് വികസിപ്പിക്കുന്നത്. പൊൻകുന്നം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങൾ മുൻപ് പി പി പി മാതൃകയിൽ നിർമ്മിച്ചിരുന്നു. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടി കടന്നുപോകുന്നതാണ് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തിൽ സുപ്രധാനമായ ചുവടുവെയ്പ്പാണ് റോഡ് നവീകരണത്തിലൂടെ നടത്തുന്നത്. 2019 ആഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നിയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തത്. റോഡ് നിർമ്മാണത്തിനോടനുബന്ധിച്ച് ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പുനലൂർ മുതൽ പൊൻകുന്നം വരെ 82 കിലോമീറ്റർ ഭാഗത്തിന്റെ നവീകരണം 738 കോടി രൂപ ചിലവഴിച്ച് മൂന്ന് റീച്ചുകളായാണ് നടത്തുന്നത്. ഇതിൽ കോന്നി മുതൽ പ്ലാച്ചേരി വരെ 274.24 കോടി രൂപയും പുനലൂർ മുതൽ കോന്നി വരെ 226.61 കോടി രൂപയുമാണ് അടങ്കൽ തുക. പതിനാല് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പത്ത് മീറ്ററിൽ ടാറിംഗ് നടത്തി ഇതിന്റെ ഇരുവശങ്ങളും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും.
കോന്നി, ചിറ്റൂർ മുക്ക്, മല്ലശേരി മുക്ക്, കുമ്പഴ, മൈലപ്ര, മണ്ണാറകുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക് പടി, ട്രഷറി പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ്റ്റാന്റ് , മാമുക്ക്, ഈട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി തുടങ്ങിയ ടൗണുകൾ എല്ലാം വികസിപ്പിക്കും.
ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേകൾ, നടപ്പാതകൾ സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓട, നടപ്പാത, ക്രാഷ് ബാരിയർ, സൂചന ബോർഡുകൾ, റോഡ് മാർക്കിംഗ്, സൗരോർജ്ജ വിളക്കുകൾ, സിഗ്നൽ സംവിധാനം എന്നിവ ഉൾപ്പെടെയാണ് റോഡ് നിർമ്മാണം. നിലവിലുള്ള വളവുകളും കയറ്റങ്ങളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.