കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുമായി ബന്ധപ്പെട്ട പരാതി പരിഹാര യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാന പാതയിലേക്ക് ചേരുന്ന റോഡുകള്‍ ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നത് പ്രധാന ചര്‍ച്ചാവിഷയമായി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനി സാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിരവധി പരാതികള്‍ ആണ് കോന്നി ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. സംസ്ഥാന പാതയിലേക്ക് ചേരുന്ന ഇടറോഡുകള്‍ ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നത് മൂലം റോഡിലേക്ക് കയറുവാനോ ഇറങ്ങുവാനോ കഴിയാതെ വരുന്നത് സംബന്ധിച്ചാണ് പരാതികള്‍ ഏറെയും വന്നത്. ചൈനാ മുക്ക് ഗുരുമന്ദിരം പടി കാളാഞ്ചിറ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കുത്തനെ ഉള്ള ഇറക്കമായാണ് കെ എസ് റ്റി പി മണ്ണിട്ടിരിക്കുന്നത്. വലിയ പാറയും പച്ചമണ്ണും ഇറക്കിയാണ് റോഡ് ഉയര്‍ത്തിയത്. എന്നാല്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ശക്തമായി റോഡിലൂടെ വെള്ളം ഒഴുകിയതോടെ വലിയ കല്ലുകള്‍ തെളിഞ്ഞ് വാഹനയാത്ര കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ട്. മാത്രമല്ല കാളാഞ്ചിറ റോഡില്‍ നിന്ന് കയറി വരുന്ന വാഹനങ്ങള്‍ സംസ്ഥാന പാതയിലേക്ക് കയറി ചെല്ലുമ്പോള്‍ അപകടം നടക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്. ഇതിന് പരിഹാരം കാണണം എന്നും യോഗം ആവശ്യപ്പെട്ടു.
കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഭാഗത്ത് ഓട സ്ഥാപിച്ചപ്പോള്‍ റോഡ് ഉയര്‍ന്ന് വാഹനങ്ങള്‍ക്ക് കയറുവാനോ ഇറങ്ങുവാനോ കഴിയാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോന്നി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കെ എസ് റ്റി പി സ്ഥാപിച്ചിരിക്കുന്ന വേലികള്‍ മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ക്ക് കയറുവാന്‍ ആകാത്തത് കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരി സംഘടനകള്‍ യോഗത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വേലി സ്ഥാപിച്ചിട്ടുമില്ല. ഇതിന് അടിയന്തിരമായി പരിഹാരം കാണണം എന്നും യോഗമാവശ്യപ്പെട്ടു. കൂടാതെ സ്വകാര്യ വ്യക്തികള്‍ കെ എസ് റ്റി പി നിര്‍മ്മിച്ച ഓടയിലേക്ക് സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ മലിന ജലം പൈപ്പുകള്‍ വഴി ഒഴുക്കി വിടുന്നതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും ആവശ്യമുയര്‍ന്നു. കോന്നി വലിയ പള്ളിയുടെ ഭാഗത്ത് മഴ പെയ്യുമ്പോള്‍ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഈ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൂടാതെ പലയിടത്തും ട്രാന്‍സ്സ്‌ഫോര്‍മര്‍, ഇലക്ട്രിക് പോസ്റ്റ് എന്നിവ അപകടകരമായ രീതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, റോഡ് കരാറുകാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.