പുനലൂര്‍ : പുനലൂരില്‍ കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ച സീറ്റ് ഏറ്റെടുത്ത് പോരാട്ടത്തിന് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച സീറ്റ് ഇത്തവണ കോണ്‍ഗ്രസ് എറ്റെടുക്കുകയാണ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഒരേയൊരു കോണ്‍ഗ്രസ് എം.എല്‍.എ ആയ പുനലൂര്‍ മധുവിനെയാണ് പാര്‍ട്ടി ഇവിടെ പരിഗണിക്കുന്നത് . 1991- 96 കാലഘട്ടത്തില്‍ മണ്ഡലം പ്രതിനിധീകരിച്ച മധുവിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല . കെ.പി.സി.സി സെക്രട്ടറി സൈമണ്‍ അലക്സിന്റെയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എസ്.ഇ സഞ്ജയ് ഖാന്റെയും പേര് നേതൃത്വത്തിന്റെ മുന്നില്‍ ചര്‍ച്ചയ്ക്ക് എത്തിയിട്ടുണ്ട്.
മന്ത്രിയും സിറ്റിങ്ങ് എം.എല്‍.എയുമായ കെ.രാജുവിനെ മാറ്റിയാണ് സി. പി.ഐ അങ്കത്തിനിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ടത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതും പുനലൂര്‍ പോരാട്ടത്തിന് ആകാംക്ഷ കൂട്ടും.
2016ല്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 56.85 ശതമാനവും നേടിയായിരുന്നു കെ. രാജുവിന്റെ വിജയം. 3 തവണ മത്സരിച്ചതിനാല്‍ ഇത്തവണ കെ. രാജു മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പാണ്. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ പി.എസ് സുപാലിന്റെ പേരാണ് സി.പി.ഐയുടെ പരിഗണന പട്ടികയില്‍ ആദ്യം. സുപാലിനെതിരെ പാര്‍ട്ടി നടപടിയുണ്ടായ സാഹചര്യത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാലിന്റെ പേരും പരിഗണിക്കുന്നു.