ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കനത്ത പിഴ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പഞ്ചാബ് ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി. സീസണിലെ പഞ്ചാബ് ക്യാപ്റ്റന് മേലെയുള്ള ആദ്യ നടപടിയാണ്. നേരത്തെ എൽഎസ്ജി ക്യാപ്‌റ്റൻ റിഷഭ് പന്ത്, ജിടി ക്യാപ്‌റ്റൻ ശുഭ്മാൻ ഗിൽ, ഡിസി ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ, ആർആർ ക്യാപ്‌റ്റൻ സഞ്ജു സാംസൺ , ആർആർ താത്കാലിക ക്യാപ്‌റ്റൻ റിയാൻ പരാഗ്, എംഐ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ തുടങ്ങി ക്യാപ്റ്റന്മാരും സമാനമായ പിഴ ഒടുക്കേണ്ടി വന്നിരുന്നു. അതേ സമയം മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഐപിഎൽ സീസണിൽ നിന്ന് പുറത്തായ ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ്. നേരത്തെ ടോസ് നേടിയ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഐപിഎല്ലിലെ സാമിൻറെ ഉയർന്ന സ്കോറുമാണിത്. ഡെവാൾഡ് ബ്രവിസ് 32 റൺസും സംഭാവന ചെയ്തു. പഞ്ചാബിനായി യൂസ്വേന്ദ്ര ചഹൽ ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ 32 റൺസെടുത്താണ് ചഹൽ പഞ്ചാബിനായി നാല് വിക്കറ്റുകൾ നേടിയത്. അർഷ്ദീപ് സിങ്ങും മാർകോ ജാൻസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ശ്രേയസ് അയ്യർ 41 പന്തിൽ 72 റൺസ് നേടി.