പത്തനാപുരം : ബസ്സില്‍ നിന്നും യാത്രക്കാരുടെ പഴ്‌സ് കവരുന്ന സംഘം പിടിയില്‍.കൊട്ടാരക്കര കിഴക്കേ തെരുവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂര്‍ സ്വദേശിയുടെ പഴ്‌സ് അപഹരിക്കാന്‍ ശ്രമിക്കവേയാണ് കോയമ്പത്തൂര്‍ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവര്‍ പിടിയിലായത്.നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.യാത്രക്കാരുടെ ശ്രദ്ധതിരിച്ച് സ്വര്‍ണവും പണവും കവരുന്നതാണ് സംഘത്തിന്‍റെ രീതി.
ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ നാടോടി സംഘത്തിലെ ഒരു സ്ത്രീ വീട്ടമ്മയുടെ സാരിയില്‍ ചവിട്ടിപ്പിടിച്ച് ചുറ്റുമുള്ളവരുടെ ശ്രദ്ധ തിരിച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ പഴ്‌സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. മറ്റ് യാത്രക്കാരും വീട്ടമ്മയുടെ മകളും ചേര്‍ന്ന് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയാണ് പോലീസിന് കൈമാറിയത്.
സ്ഥിരം മോഷ്ടാക്കളാണ് ഇവരെന്നും മോഷണം നടത്തിയ ശേഷം വേഷം മാറിയാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. മോഷണസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം. പത്തനാപുരം സിഐ സുരേഷ് കുമാര്‍, എസ്‌ഐമാരായ വിനോദ് കുമാര്‍, രാകേഷ്, വിനിമോള്‍, എഎസ്‌ഐ മധുസൂദനന്‍, സി.പി.ഒമാരായ സന്തോഷ്, സായികുമാര്‍, റിയാസ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.