ഇന്ത്യന്‍ സിനിമയില്‍ ഇത് വിജയകരമായ സീക്വലുകളുടെ കാലമാണ്. ബാഹുബലിയും കെജിഎഫുമൊക്കെ ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം നേടിയതിനെത്തുടര്‍ന്ന് ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും രണ്ട് ഭാഗങ്ങളായാണ് സംവിധായകര്‍ ആലോചിക്കുന്നത് തന്നെ. ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്റെ സീക്വല്‍ ഉണ്ട്. പുഷ്പ 2 ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍, അതായത് 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും.
ബോക്‌സ് ഓഫീസ് ഭരിക്കാന്‍ അവന്‍ വരുന്നു എന്ന കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. മാത്രമല്ല അല്ലു അര്‍ജുന്‍ പുഷ്പയിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് താരവുമായി. ആദ്യ ഭാഗത്ത് പോലീസ് ഓഫീസറുടെ വേഷത്തില്‍ അമ്പരിപ്പിച്ച ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ പ്രതികാരത്തിന്റെ കൂടി കഥയാകും പുഷ്പ 2. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന തന്നെയാണ് നായിക.