കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.
14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. ( ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം ) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.