കോട്ടയം: കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണര്‍കാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് 6 മണി ആയിട്ടും അവസാനിച്ചിരുന്നില്ല. ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാല്‍ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവില്‍ ക്യൂ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു.
വൈകുന്നേരം അഞ്ച് മണിവരെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന തരത്തിലാണ് ഇത്തവണത്തെ പോളിങ് ശതമാനം. 10 മണിക്കൂര്‍ പിന്നിടുമ്പോള്‍ 126467 വോട്ടുകളാണ് ആകെ പോള്‍ ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടര്‍മാരും 63460 സ്ത്രീ വോട്ടര്‍മാരും 2 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. അതേസമയം ഒരോ വോട്ടര്‍മാരു 6 മിനിറ്റ് വരെ വോട്ട് ചെയ്യാനായി ചെലവഴിക്കുന്നുണ്ടെന്നും ഇനിയും ഒരുപാട് പേര്‍ വോട്ട് ചെയ്യാനായി കാത്തിരിക്കുന്നതിനാലും സമയം നീട്ടി നല്‍കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു.