കോട്ടയം: തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് വളരെ നേരത്തേ തുടക്കമിട്ട് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ഉമ്മന്‍ചാണ്ടിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നേടിയ വന്‍ മുന്നേറ്റം സൂചനയായി കരുതി പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്തു തുടങ്ങി. ബൂത്ത തല പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തേ തന്നെ ശക്തിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് സന്ദേശം എത്തിക്കുകയുമാണ് ഉന്നം.
ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50ാം വാര്‍ഷികം ‘സുകൃതം സുവര്‍ണം’ ആഘോഷത്തിന്റെ തുടര്‍ച്ചയാണ് കുടുംബസംഗമം എന്നാണ് ന്യായീകരണമെങ്കിലും ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്. സംസ്ഥാന തല പ്രചരണസമിതി അദ്ധ്യക്ഷന്‍ കൂടിയായ ഉമ്മന്‍ചാണ്ടിക്ക് പിന്നീട് തിരക്കേറുമെന്നിരിക്കെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. പുതുപ്പള്ളി മണ്ഡലത്തില്‍ പെടുന്നതും ചേര്‍ന്നു കിടക്കുന്ന പ്രദേശവുമായ വാകത്താനം കേന്ത്രീകരിച്ചുള്ള കുടുംബ സംഗമങ്ങള്‍ മൂന്ന് മേഖലകളായി തിരിച്ച് നടത്തിക്കഴിഞ്ഞു.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമോ എന്ന ആശങ്ക നേരത്തേ കോണ്‍ഗ്രസിന്റെ ഇന്റലിജന്റ്‌സ് പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും മാറ്റി മത്സരിപ്പിക്കാനുള്ള ആശയം നേരത്തേ കോണ്‍ഗ്രസ് ഐ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എ ഗ്രൂപ്പ് ശക്തമായി ഇതിനെ എതിര്‍ത്ത് രംഗത്ത് വരികയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടിയ മേഖലകളില്‍ ഒന്ന് പുതുപ്പള്ളി പഞ്ചായത്തായിരുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയി. ഇതൊരു തലമുറ മാറ്റത്തിന്റെ സൂചനയായി കരുതണം എന്നതാണ് വിലയിരുത്തലുകള്‍.
18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തില്‍ 9 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴിടത്തും ബിജെപി രണ്ടിടത്തു വിജയിച്ചു. അകലക്കും, കുരോപ്പട, മണര്‍കാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ മീനടവും അയര്‍ക്കുന്നവും മാത്രം യുഡിഎഫ് വിജിയിച്ചു. പുതുപ്പള്ളിയിലെ തോല്‍വിയാണ് കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണമായത്. പത്തിലധികം തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത വമ്പനായ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വീഴുമെന്നത് എതിരാളികള്‍ പോലും സമ്മതിക്കാത്ത കാര്യമാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ പുതുപ്പള്ളി പഞ്ചായത്തിന്റെ ഗതിയുടെ വിദൂര സാധ്യത പോലും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും 1957 മുതല്‍ തെരഞ്ഞെടുപ്പ് ചരിത്രം പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന് ഒരിക്കല്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിട്ടുള്ളത്. ഉമ്മന്‍ചാണ്ടിക്ക് ശേഷം ഒരാള്‍ക്ക് പോലും അതിന് കഴിഞ്ഞിട്ടില്ല താനും. പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ എംഎല്‍എമാരുടെ എണ്ണം വെറും മൂന്നാണ്. 1957 ലും 1962ലും കോണ്‍ഗ്രസിലെ പിസി ചെറിയാന്‍ വിജയിച്ചപ്പോള്‍ 1967 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഇഎം ജോര്‍ജിനായിരുന്നു വിജയം. 1970 ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ചാണ്ടി ജയിച്ച ശേഷം ഇടതുപക്ഷത്തിന് എത്തി നോക്കാനായിട്ടില്ല. പിന്നീട് 10 തിരഞ്ഞെടുപ്പുകളിലായി അഞ്ച് ദശകത്തിലേറെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് പുതുപ്പള്ളി .