തിരുവനന്തപുരം : പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. പ്രതിസ്ഥാനത്തുള്ള എംഎല്‍എ പി.വി അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതികേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മഞ്ചേരി സി.ജെ.എം കോടതിയാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.
മംഗലാപുരം ബെല്‍ത്തങ്ങാടിയിയിലെ ക്രഷര്‍ തന്റെ സ്വന്തം പേരിലുള്ളതാണെന്നു തെറ്റിദ്ധരിപ്പിച്ച് 10 ശതമാനം ഓഹരിയും പ്രതിമാസം അന്‍പതിനായിരം രൂപയും വാഗ്ദാനം ചെയ്ത് മലപ്പുറം പട്ടര്‍തൊടി സ്വദേശിയായ പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം തട്ടിയതാണ് കേസിന് ആധാരമായത്.
സര്‍ക്കാരിന്റെ പാട്ടഭൂമിയിലാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ കളവ് പറഞ്ഞ് പ്രവാസിയില്‍ നിന്ന് പണം കൈപ്പറ്റിയതിനാല്‍ എംഎല്‍എ തട്ടിപ്പ് നടത്തിയിട്ടുണെന്ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു .ഇതില്‍ സ്ഥലം വില്‍പന നടത്തിയെന്നു പറയുന്ന ഇബ്രാഹിമിന്റെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. കേസില്‍ അന്വേഷണം നടത്തിയത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമനായിരുന്നു.
കോടതി നിര്‍ദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും, പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 13മുതല്‍ അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അന്‍വര്‍ എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കണം എന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.