തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി പിവി അൻവര എംഎല്‍എ. അജിത് കുമാറിന്‍റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ എന്ന് ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടുകൊണ്ടാണ് അൻവറിന്‍റെ പ്രതികരണം. പിവി അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ് പ്രതികരണം. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ ഗുരുതര ആരോപണം ഉന്നയിച്ചത് പിവി അൻവര്‍ എംഎല്‍എയാണ്. എഡിജിപിക്കെതിരെ ഇന്നും പിവി അൻവര്‍ സാമ്പത്തിക ക്രമക്കേട് ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്നായിരുന്നു അൻവറിന്‍റെ ആരോപണം.
അവസാന വിക്കറ്റും വീണു, അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്നായിരുന്നു എഡിജിപിക്കെതിരായ നടപടിയിൽ മുൻ മന്ത്രി കെടി ജലീലിന്‍റെ പ്രതികരണം. വിക്കറ്റ് സ്റ്റംപ് തെറിക്കുന്നതിന്‍റെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടായിരുന്നു കെടി ജലീലിന്‍റെ ഫേയ്ബുക്ക് കുറിപ്പ്. എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് വെറും കണ്ണില്‍ പൊടിയിടല്‍ പരിപാടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചത്. മുന്നണിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്. അദ്ദേഹം ബറ്റാലിയന്‍ ചുമതലയില്‍ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണ്. അല്ലാതെ ഇതിനെ നടപടി എന്നു പോലും വിളിക്കാനാവില്ല. എഡിജിപി ആര്‍എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒന്നും നടക്കില്ല. ഞാന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണ്. അജിത് കുമാര്‍ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിയുടെ അറിവോടു കൂടിയും മുഖ്യമന്ത്രിക്കു വേണ്ടിയുമാണ്. ഇപ്പോള്‍ ഒരു ട്രാന്‍സ്ഫര്‍ നല്‍കി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.