തിരുവനന്തപുരം: സമ്മേളനങ്ങളിലേക്കുകടന്ന സി.പി.എമ്മിനും മുഖംമിനുക്കാനിറങ്ങിയ മുഖ്യമന്ത്രിക്കും പി.വി. അൻവർ എം.എൽ.എ. ഉയർത്തിയ ആരോപണങ്ങൾ തലവേദന. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിയുടെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെടുന്നുവെന്നതാണ് ആരോപണാനന്തര രാഷ്ട്രീയസാഹചര്യം.
ഇടതുസ്വതന്ത്രനായ പി.വി. അൻവറിന് പാർട്ടിക്കുള്ളിൽ പിന്തുണകൂടുകയും ആരോപണം നേരിടുന്ന പി. ശശി ഒറ്റപ്പെട്ടുനിൽക്കുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ശശിയെയും എ.ഡി.ജി.പി. അജിത്കുമാറിനെയും സംരക്ഷിച്ചുള്ള മുഖ്യമന്ത്രിയുടെ അന്വേഷണപ്രഖ്യാപനത്തെ മുതിർന്നനേതാക്കൾപോലും ന്യായീകരിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ ഒരു പടയൊരുക്കത്തിന്റെ ലക്ഷണങ്ങളാണ് ഏറെയുള്ളത്.
പൊളിറ്റ് ബ്യൂറോയിൽത്തുടങ്ങി ലോക്കൽകമ്മിറ്റിവരെ പ്രായപരിധിയിൽ പുറത്താകുന്ന ഒട്ടേറെ നേതാക്കൾ സി.പി.എമ്മിലുണ്ട്. ആ ഒഴിവാണ് പലരുടെയും ലക്ഷ്യം. അതിനുള്ള വഴിയൊരുക്കലാണ് അൻവറിന്റെ ആരോപണത്തെ പിൻപറ്റി സി.പി.എമ്മിൽ നടക്കുന്നത്. അതിൽ, മുഖ്യമന്ത്രിയുടെ സ്വാധീനം പാർട്ടിക്കുള്ളിൽ ഉറപ്പിച്ചുനിർത്താൻ കഴിയുമോയെന്നത് നിർണായകമാണ്. അതില്ലാതാക്കാനുള്ള നിശ്ശബ്ദവിപ്ലവം പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്.