തൃശൂർ : ലോക്ക് ഡൗണില്‍ പ്രത്യേക ഇളവ് നല്‍കിക്കൊണ്ട് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്ന് പ്രൊഫഷണൽ വീഡിയോഗ്രാഫേഴ്‌സ് ആന്റ് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധാകരൻ ചക്കരപ്പാടം, ജനറല്‍ സെക്രട്ടറി ടി.വി.ആന്റണി എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബാങ്കുകളിലും മറ്റിതര ആവശ്യങ്ങള്‍ക്കും ഫോട്ടോകള്‍ അനിവാര്യമാണ്. ചില ചടങ്ങുകളുടെ ചിത്രങ്ങള്‍ എടുക്കേണ്ടതായും വീഡിയോ ചിത്രീകരിക്കേണ്ടതായും വരുന്നു. അതിനാല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുവാന്‍ ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കണം. പൊതുവേ വലിയ തിരക്ക് ഇല്ലാത്ത സ്ഥാപനങ്ങളാണ് സ്റ്റുഡിയോകള്‍. ദിവസേന ഉച്ചവരെ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍ പൊതുജനങ്ങള്‍ക്ക് സഹായമാകുന്നതിനോടൊപ്പം സ്റ്റുഡിയോ ഉടമകള്‍ക്ക് നിത്യവൃത്തിക്കുള്ള പണവും ഇതുവഴി ലഭിക്കും. സ്റ്റുഡിയോകള്‍ ദിവസങ്ങളോളം അടച്ചിടുന്നതുമൂലം ദിവസേന ഉപയോഗിക്കേണ്ട പ്രിന്ററുകളും അനുബന്ധ ഉപകരണങ്ങളും ലക്ഷങ്ങൾ വിലയുളള ക്യാമറകളും കമ്പ്യൂട്ടറുമൊക്കെ തകരാറിലാകും. നിലവില്‍ കടക്കെണിയില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു വലിയ ബാധ്യതയാകും.
ലോക്ക് ഡൗണില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ബില്ലുകള്‍ നല്‍കിത്തുടങ്ങി. മുന്‍ ബില്ല് പ്രകാരമാണ് പുതിയ ബില്‍ കമ്പ്യൂട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പണമടക്കേണ്ട വിവരങ്ങള്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് മെസ്സേജുകള്‍ വന്നുതുടങ്ങി. എന്നാല്‍ മെസ്സേജായി വന്ന ഈ ബില്ലുകള്‍ മിക്കവരും ശ്രദ്ധിച്ചിട്ടില്ല. റീഡിംഗ് എടുക്കാതെ തികച്ചും ഏകാധിപത്യപരമായാണ് ഇപ്പോള്‍ ബില്ലുകള്‍ നല്‍കുന്നത്. പണമടക്കേണ്ട തീയതിയില്‍ ബില്‍ തുക അടച്ചില്ലെങ്കില്‍ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിശ്ച്ചേദിക്കുകയും ചെയ്യും. വന്‍തുകയാണ് പലര്‍ക്കും ബില്ലായി വന്നിരിക്കുന്നത്. ബില്‍ തുക അടച്ചിട്ട് പരാതി എഴുതി നല്‍കുവാന്‍ ഉള്ള സ്ഥിരം പല്ലവിയായിരിക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് പറയുവാന്‍ ഉണ്ടാകുക. ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. കൊറോണയും ലോക്ക് ഡൗനും ഒക്കെയായി ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ഇരുട്ടടിപോലെ വൈദ്യുതി ബില്ലും നല്‍കുകയാണ്. വൈദ്യുതി വകുപ്പിന്റെ കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ മൂലം ആഘോഷങ്ങളും ചടങ്ങുകളും ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുകയാണ്. ജനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലുമാണ് . ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കപ്പെടുകയൊ ചെയ്തു തുടങ്ങി. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മേഖലക്ക് കനത്ത ആഘാതമായിരിക്കും വരുംനാളുകള്‍. മിക്കവരും കടക്കെണിയിലാണ്. ലക്ഷങ്ങള്‍ വായ്പ്പയെടുത്താണ് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മേഘലക്ക് അത്ര സുഖകരമായി മുമ്പോട്ടുപോകുവാന്‍ കഴിയില്ല. ഫലത്തില്‍ ഈ മേഖല വൻ സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയാണെന്നും നാല് ലക്ഷത്തിൽപരം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ഇത് ബാധിക്കുന്നുണ്ടെന്നും പ്രൊഫഷണൽ വീഡിയോഗ്രാഫേഴ്‌സ് ആന്റ് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധാകരൻ ചക്കരപ്പാടം, ജനറല്‍ സെക്രട്ടറി ടി.വി.ആന്റണി എന്നിവര്‍ ചൂണ്ടിക്കാട്ടി.