ദോഹ: മൊബൈല്‍ ഫോണ്‍ സജീവമായ ശേഷം എല്ലായിടത്തും കാണുന്ന പ്രവണതയാണ് ഏത് സംഭവവും ഫോട്ടോ എടുക്കുക എന്നത്. അക്രമം നടക്കുമ്പോഴും അപകടം നടന്നാലും ഫോട്ടോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. ഫോട്ടോ എടുക്കുന്നവര്‍ക്ക് ആ ജീവന്‍ രക്ഷിച്ചുകൂടെ എന്ന ചോദ്യവും പലകോണില്‍ നിന്നും ഉയരാറുണ്ട്. ഫോട്ടോ പകര്‍ത്തുമ്പോള്‍ ആ വ്യക്തിയുടെ അനുമതി വേണം എന്നതാണ് ഖത്തര്‍ ഭരണകൂടം പറയുന്ന ന്യായം. ആരുടെയും ഫോട്ടോ അവരുടെ അനുമതിയില്ലാതെ പകര്‍ത്താന്‍ പാടില്ല. അപകട സമയത്തെ ഫോട്ടോകള്‍ നിയമവിരുദ്ധമായി പകര്‍ത്തിയാല്‍ ജയിലില്‍ പോകേണ്ടി വരും. മാത്രമല്ല, വലിയ തുക പിഴ കൊടുക്കേണ്ടി വരികയും ചെയ്യും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ശീലമുള്ളവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോ പകര്‍ത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭരണകൂടം. അപകട ദൃശ്യങ്ങള്‍ കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. അപകടത്തില്‍ പെട്ടവരുടെ അവസ്ഥ പരിതാപകരമാകും. എന്നാല്‍ ഇതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തരുത്, ഫോട്ടോ എടുക്കരുത് എന്നാണ് ഖത്തര്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. സ്വകാര്യതാ ലംഘന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണിതെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഇവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. സ്വയം ബോധവാന്മാരാകുകയും മറ്റുള്ളവരുടെ അവകാശം സംരക്ഷിക്കുകയും വേണമെന്നു ഖത്തര്‍ ആഭ്യന്തര വകുപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ശിക്ഷാ നിയമത്തിലെ 333 വകുപ്പ് പ്രകാരമുള്ള നടപടിയാണ് അപകട ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുക. മറ്റു വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. അല്ലെങ്കില്‍ 10000 റിയാലില്‍ താഴെ പിഴ കൊടുക്കേണ്ടി വരികയും ചെയ്യും. വ്യക്തി സ്വാതന്ത്ര്യം, സുരക്ഷ, സ്വകാര്യത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം. ഭിക്ഷ യാചന കുറ്റകൃത്യമാക്കിയ രാജ്യം കൂടിയാണ് ഖത്തര്‍. പൊതുസ്ഥലങ്ങളിലോ മറ്റോ ഭിക്ഷയാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്.