പത്തനംതിട്ട : വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനു ഫീസ് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
പ്രവാസി ക്ഷേമത്തിനു നിരവധി പദ്ധതികള്‍ ഗള്‍ഫ് പര്യടന വേളയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഒരു പ്രഖ്യാപനം പോലും നടപ്പാക്കിയില്ലെന്നു ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ പി.ജെ കുര്യന്‍ പറഞ്ഞു. മറ്റുള്ളവരുടെ സഹായത്താല്‍ ടിക്കറ്റ് തരപ്പെടുത്തിയവരും ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടവരുമാണ് ഭൂരിപക്ഷം പ്രവാസികളുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ പിറന്ന നാട്ടിലെത്തുന്ന ഇത്തരക്കാരോട് സര്‍ക്കാര്‍ ക്രൂരത കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ പന്തളം സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍.എം രാജു, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് സനോജ് മേമന, ജനതാദള്‍ യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് മധു, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ശ്രീകോമളന്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, വി. ആര്‍ സോജി, ജി.രഘുനാഥ്, ആര്‍.എസ്.പി നേതാവ് തോമസ് ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.