കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയിലെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ക്കും എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ക്കുമാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാറമടയിലെ ആവശ്യത്തിന് അനുമതിയുള്ളതിലധികം സ്‌ഫോടക വസ്തുക്കള്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നു. പ്രത്യേക മാഗസിനിലാണ് ഇവ സൂക്ഷിക്കേണ്ടത് എന്നിരിക്കെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടത്തില്‍ സൂക്ഷിച്ചത് ക്രിമിനല്‍ കുറ്റമാണ്.
അതേ കെട്ടിടത്തില്‍ തന്നെ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റകരമാണ്. ഇത്തരം സൂക്ഷ്മത ഇല്ലാത്ത പ്രവര്‍ത്തികള്‍ മൂലമാണ് രണ്ടു തൊഴിലാളികള്‍ മരിക്കാന്‍ ഇടയായത്. ഇതുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.റൂറല്‍ ജില്ലയിലെ പാറമടകളില്‍ പോലീസ് ടീമുകളായി തിരിഞ്ഞുള്ള പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുയാണ്. ലൈസന്‍സും , സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും, തൊഴിലാളികളുടെ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പറമടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്. സ്‌ഫോടനത്തില്‍ കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവരാണ് മരിച്ചത്.സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു. ചുറ്റുപാടുകളിലെ വീടുകളുടെ ജനല്‍ പാളിയുടെ ചില്ലുകളും ചില വീടുകള്‍ക്ക് നേരിയ പൊട്ടലും സ്ഫോടനത്തില്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടറും ഉത്തരവിട്ടിരുന്നു.പാറമട നടത്തിപ്പുകാരന്‍ ബെന്നിയും മാനേജര്‍മാരും അടക്കമുള്ളവരെയാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തത്.