പത്തനംതിട്ട : ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതിയില്ല. ഇതുവരെ പോലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ചിന്തിച്ചിട്ടുപോലും ഇല്ല. തൊണ്ടിമുതലായ മൊബൈലും മാറ്റി. സിപിഎം പ്രവര്‍ത്തകനായ അധ്യാപകനെ എങ്ങനെയും രക്ഷിക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
പരീക്ഷ തുടങ്ങി ഏതാനും മിനുട്ടുകള്‍ക്കകം എസ്എല്‍എല്‍സി കണക്കിന്റെ ചോദ്യക്കടലാസ് പ്രഥമാധ്യാപകന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് സംബന്ധിച്ച അന്വേഷണം വിദ്യാഭ്യാസ വകുപ്പ് തന്നെ അട്ടിമറിച്ചു. ശക്തമായ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് അട്ടിമറി. ഇതോടെ ഇതേ അദ്ധ്യാപകന്‍ മുമ്പ് ചോര്‍ത്തിയെന്ന് സംശയിക്കുന്ന മറ്റു ചോദ്യപേപ്പറുകള്‍ സംബന്ധിച്ച അന്വേഷണവും നടക്കാന്‍ സാധ്യതയില്ല.
തിങ്കളാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് ആണ് മുട്ടത്തുകോണം എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ പ്രഥമാധ്യാപകന്‍ എസ്. സന്തോഷ് പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. സ്വന്തം സ്‌കൂളിലെ തന്നെ കണക്ക് അദ്ധ്യാപകരുമായി പങ്ക് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചോദ്യപേപ്പറിന്റെ ചിത്രം ഡിഇഓയുടെ ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ എത്തുകയായിരുന്നു. ചിത്രം പോയ വിവരം സന്തോഷ് അറിഞ്ഞില്ല. ഇതു കാരണം നിശ്ചിത സമയത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല.
124 പ്രഥമാധ്യാപകര്‍ ഉള്ള ഗ്രൂപ്പിലാണ് ചോദ്യപേപ്പര്‍ ചെന്നത്. വിവരം ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നു കിട്ടി. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഡിഇഓയെ അടക്കം ബന്ധപ്പെട്ടെങ്കിലും ഫോണ്‍ പോലും എടുക്കാന്‍ തയ്യാറായില്ല. ഇതിനിടെ ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഗുരുതരമാകാതെ ഒത്തു തീര്‍പ്പായി. എന്നാല്‍ മാധ്യമങ്ങള്‍ ചോദ്യക്കടലാസിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്ത പുറത്തു വിട്ടതോടെ തിരുവല്ലയില്‍ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ടയില്‍ നിന്ന് ഡിഇഓയും ഓടിപ്പാഞ്ഞെത്തി. മണിക്കൂറുകള്‍ നീണ്ട തെളിവെടുപ്പിനൊടുവില്‍ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും പിറ്റേന്ന് തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങളെ അറിയിച്ച് ഉപഡയറക്ടര്‍ തടിയൂരി.
അതിന് ശേഷമാണ് ആസൂത്രിത അട്ടിമറി നടന്നത്. ഇംഗ്ലീഷ് പരീക്ഷയുടേതടക്കം ചോദ്യക്കടലാസ് ഈ രീതിയില്‍ പ്രഥമാധ്യാപകന്‍ ചോര്‍ത്തിയെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതും പരിശോധിക്കണമെന്ന് ആവശ്യമുണ്ടായി. അതും പരിശോധിക്കുമെന്ന് പറഞ്ഞ ഉപഡയറക്ടര്‍ പിടിച്ചെടുത്ത ഫോണ്‍ പോലീസിന് കൈമാറുകയോ പരാതി നല്‍കുകയോ ചെയ്തില്ല. ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയാല്‍ അദ്ധ്യാപകന് മാത്രമല്ല സ്‌കൂളിന് ഒന്നടങ്കം പിടിവീഴുമെന്ന് ബോധ്യം വന്നു. ഇതോടെ ഈ ഫോണ്‍ മാറ്റി പകരം മറ്റൊന്ന് അദ്ധ്യാപകന്റേതായി പോലീസില്‍ നല്‍കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് സ്‌കൂള്‍ മാനേജര്‍.
സ്‌കൂളിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നടക്കുകയാണ്. മുട്ടത്തുകോണം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ വകയായിരുന്ന സ്‌കൂള്‍ ശാഖാ കമ്മറ്റിയിലെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് യോഗത്തിന് നല്‍കുകയായിരുന്നു. സ്‌കൂള്‍ എസ്എന്‍ഡിപി യോഗം ഏറ്റെടുത്ത് നടത്തി വരുമ്പോള്‍ ശാഖാ കമ്മറ്റി ഉടമാവകാശം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്‌കൂളിന്റെ അവകാശം യോഗത്തിന് തന്നെ നല്‍കി. ഇതിനെതിരേ ശാഖാ കമ്മറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ചോദ്യപേപ്പര്‍ വിവാദം വന്നിരിക്കുന്നത്.
പ്രഥമാധ്യാപകന്‍ മുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയാല്‍ അത് സ്‌കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കും. ചോദ്യം ചോര്‍ത്തലിന് സഹകരിച്ച മറ്റ് അദ്ധ്യാപകര്‍ക്ക് എതിരേയും നടപടി വേണ്ടി വരും. കണക്ക്, ഇംഗ്ലീഷ് പോലെ കുട്ടികള്‍ക്ക് പ്രയാസമുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അതാത് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് നല്‍കി ഉത്തരം എഴുതി വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്ന പ്രവണത മിക്കവാറും എല്ലാ സ്‌കൂളുകളിലുമുണ്ട്. ഈ രീതിയില്‍ ഉത്തരം എഴുതാനായി അയച്ചു കൊടുത്ത ചോദ്യക്കടലാസാണ് അബദ്ധത്തില്‍ ഡിഇഓയുടെ ഗ്രൂപ്പില്‍ ചെന്നത് എന്നു വേണം സംശയിക്കാന്‍.
ചോര്‍ത്തിയെന്ന വിവരം സ്ഥിരീകരിച്ചാല്‍ സ്‌കൂളിന് പരീക്ഷാ സെന്റര്‍ നഷ്ടമാകും. അദ്ധ്യാപകരുടെ ജോലിയും പോകും. ഇതോടെ സ്‌കൂളില്‍ കുട്ടികള്‍ എത്താതെ വരികയും ചെയ്യും. ഇതൊഴിവാക്കാനാണ് സാമുദായിക രാഷ്ട്രീയ നേതൃത്വം ഒരുമിച്ച് അന്വേഷണം അട്ടിമറിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്.