കോന്നി : കോന്നി നവജീവൻ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 12 ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജവഹർ ക്വിസ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽനിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം നടക്കുന്നത്. ഒരു വിദ്യാലയത്തിൽനിന്ന് രണ്ടുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനൊപ്പം പങ്കെടുക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രൊഫസറായ റിജോ ജോൺ ശങ്കരത്തിലാണ് ക്വിസ് മത്സരം നയിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്യും. നവജീവൻ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് നവീൻ കോശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന റിസോഴ്സ് പേഴ്സൺ പ്രമോദ് കുമാർ ആമുഖ പ്രഭാഷണം നടത്തും.
കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ സമ്മാനദാനം നിർവ്വഹിക്കും. റിപ്പബ്ലിക്കൻ സ്കൂൾ റിട്ടേയ്ഡ് അധ്യാപകൻ എസ്.സന്തോഷ് കുമാർ ശിശുദിന സന്ദേശം നൽകും. നവജീവൻ സോഷ്യൽ വെൽഫയർ സൊസൈറ്റി സെക്രട്ടറി അരുൺ കുമാർ, ട്രഷറർ ജഗൻ ആർ.നായർ, പ്രോഗ്രാം കോ ഓർഡിനേറ്റർ മെൽവിൻ തോമസ് മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിക്കും.