കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്രമം ആരംഭിക്കാനുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തിനെതിരേ പ്രതിഷേധം. ഒരുവിഭാഗം വൈദികരും വിശ്വാസികളും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനുമുന്നില്‍ ഉപവാസവും പ്രതിഷേധവുമായെത്തി. ബുധന്‍ രാത്രി എട്ടരയോടെ ആരംഭിച്ച പ്രതിഷേധം 10.45-വരെ തുടര്‍ന്നു.
അതിരൂപതയിലെ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തിയശേഷമേ ഏകീകൃത കുര്‍ബാന സംബന്ധിച്ച അന്തിമതീരുമാനമെടുക്കൂവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ പറഞ്ഞു. അതിരൂപതയിലെ നാല്‍പ്പതിലധികം വൈദികരും നൂറോളം വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
അതിരൂപതയിലെ ബസിലിക്ക ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കാന്‍ സര്‍ക്കുലര്‍ ഇറക്കാനൊരുങ്ങിയതാണ് പ്രതിഷേധത്തിനു കാരണം. രാത്രി ഏഴുമുതല്‍ അതിരൂപത ആസ്ഥാനത്ത് വിശ്വാസികള്‍ ഉപവാസമുള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് ഏകീകൃത കുര്‍ബാനയ്ക്കായുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അതിരൂപത കൂരിയയുമായി ആലോചിച്ചത്. കൂരിയ അംഗങ്ങള്‍ നിര്‍ദേശം നിരസിച്ചതായി പ്രതിഷേധക്കാര്‍ അറിയിച്ചു. ഇതറിഞ്ഞ് കൂടുതല്‍ വൈദികരും വിശ്വാസികളും ആസ്ഥാനത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു.