തിരുവനന്തപുരം : യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ടാണിത്. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റിൽ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലാണ് കസ്റ്റംസ് കുരുക്ക് മുറുക്കുന്നത്.
നയതന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിൻറെ റിപ്പോർട്ടിൽ പ്രോട്ടോക്കോള്‍ ഓഫീസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയുകയുള്ളൂ. എന്നാൽ നയന്ത്രപാഴ്സൽ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർണ കള്ളക്കടത്തു കേസിലെ പ്രതികള്‍ വ്യാജ രേഖകള്‍ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറത്തേക്ക് പോയ നയതന്ത്രബാഗിലാണ് മതഗ്രന്ഥങ്ങളെത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗിൽ ഉണ്ടായിരുന്നോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി കോണ്‍സുലേറ്റിൽ നിന്നും നയതന്ത്രബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിൻറെ വിശദീകരണം. അതേസമയം ചില പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നൽകാത്തിന് ബിഎസ്എൻഎൽ ജനറൽ മാനേജറോടും കസ്റ്റംസ് നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.