തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നിര്‍ദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എ.കെ.ജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടി കേഡര്‍മാരായ സ്വന്തക്കാര്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം കിട്ടാതായപ്പോള്‍ പട്ടിക തിരുത്തിച്ച് അനര്‍ഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാന്‍ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടേണ്ട സംസ്ഥാന സര്‍ക്കാര്‍ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.