പത്തനംതിട്ട : ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടപ്പിലാക്കിയ പരിവര്‍ത്തനങ്ങളും പ്രവര്‍ത്തന ശൈലിയും എക്കാലവും മാതൃകയാക്കേണ്ടതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്‍റെ 116-ാ മത് ജന്മവാര്‍ഷികം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐക്യമുന്നണി പ്രസ്ഥാനത്തിന് അടിത്തറപാകിയ ആര്‍. ശങ്കറിന്‍റെ ദീര്‍ഘ വീക്ഷണമാണ് പില്‍ക്കാലത്തെ യു.ഡി.എഫ് സംവിധാനത്തിന് കാരണമായത്. അദ്ധ്യാപകന്‍, അഭിഭാഷകന്‍, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ കരുത്തനും ശക്തനായ ഭരണാധികാരിയും ഉജ്വല വാഗ്മി, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം വിമര്‍ശങ്ങളെയും മറ്റും തലയെടുപ്പോടെ നേരിട്ടെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
അധികാര സ്ഥാനം അരക്കിട്ടുറപ്പിക്കുവാന്‍ നിലപാടുകള്‍ അടിയറ വെയ്ക്കുവാന്‍ ആര്‍. ശങ്കര്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിപാടുകള്‍ക്ക് ഇന്നും ഏറെ പ്രസക്തി വരുന്നതും ഇതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. വിധവ പെന്‍ഷനും വാര്‍ദ്ധക്യ പെന്‍ഷനുമടക്കമുള്ള പല ക്ഷേമ പദ്ധതികള്‍ക്കും തുടക്കം കുറിച്ച അദ്ദേഹത്തിന്‍റെ ഭരണമികവ് കേരളം ഉള്ളിടത്തോളം കാലം വിസ്മരിക്കപ്പെടാത്ത ചരിത്രമാണെന്നും വിദ്യാഭ്യാസ പരിഷ്കാരം, വ്യവസായവല്‍ക്കരണം, വൈദ്യുതോല്‍പാദനം തുടങ്ങിയ മേഖലയിലും തനിക്ക് ശേഷം വന്നവര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും കേരള സംസ്ഥാനത്തിന്‍റെ സാര്‍വ്വത്രിക വികസനത്തിനും ശക്തമായ അടിത്തറ സമ്മാനിച്ച ശങ്കര്‍ മാതൃക പുരുഷനാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് ആദ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ്കുമാര്‍, അഡ്വ. അനില്‍തോമസ്, സാമുവല്‍ കിഴക്കുപുറം, അഡ്വ. സുനില്‍ എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, കെ. ജാസിംകുട്ടി, എം.എസ്. സിജു, ജി. രഘുനാഥ്, എലിസബത്ത് അബു, അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനിസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.