പേരാമ്പ്ര : പേപിടിച്ച നായയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ സാമൂഹികമാധ്യമത്തില്‍ മൃഗസ്‌നേഹികളുടെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. വീട്ടില്‍ വളര്‍ത്തുന്ന ജാക്ക്, ജൂലി എന്നീ നായകളുടെ ഫോട്ടോ സഹിതമാണ് പ്രസിഡന്റ് സാമൂഹികമാധ്യമത്തില്‍ ഇതിനുള്ള മറുപടി നല്‍കിയത്.
വര്‍ഷങ്ങളായി വീട്ടില്‍ നായകളെ വളര്‍ത്തുന്നുണ്ട്. മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ എവിടെ നിന്നോ കൊണ്ടുവന്നവ. വീട്ടിലെ ഒരംഗത്തെ പോലെ കഴിയുന്നവയാണവ. പേ പിടിച്ച ഒരു തെരുവുനായയെ നാടിന്റെ സുരക്ഷ മുന്‍നിര്‍ത്തി നിയമപരമായ വഴിയില്‍ കൊല്ലേണ്ടി വന്നപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വലിയ തോതില്‍ പ്രചാരണം നേരിട്ടു. ജനപ്രതിനിധി എന്ന നിലയില്‍ നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാനാണ് നായയെ കൊല്ലേണ്ടി വന്നത്.
കുടുംബപരമായി തലമുറകളായി മൃഗങ്ങളെ പരിപാലിച്ചു ജീവിച്ചു പോരുന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍ സാമൂഹികമാധ്യമത്തിലെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ല. സാമൂഹികമാധ്യമത്തില്‍ മാത്രമുള്ള മൃഗസ്‌നേഹമല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. ചക്കിട്ടപാറ നരിനട ഭാഗത്ത് പരാക്രമം നടത്തിയ നായയെയാണ് കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം തോക്ക് ലൈസന്‍സുള്ളയാള്‍ വെടിവെച്ചുകൊന്നിരുന്നത്. ഇതിനെതിരേ പോലീസിലുള്‍പ്പടെ പരാതിയുമായി മൃഗസ്‌നേഹികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഇതില്‍ പോലീസ് പ്രസിഡന്റിന്റെ ഉള്‍പ്പടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.