പാലക്കാട് : പേവിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ കുടുംബം രംഗത്ത്.
ശ്രീലക്ഷ്മിക്കുണ്ടായ പരുക്കിന്റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ് സുഗുണന്‍ കുറ്റപ്പെടുത്തി. മകള്‍ മരിച്ചതിന് ശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ചികിത്സ തേടിയപ്പോഴും വാക്‌സിന്‍ എടുത്തപ്പോഴും ഇത്തരം വിവരങ്ങള്‍ എന്തുകൊണ്ട് അറിയിച്ചില്ലെന്നും പറഞ്ഞിരുന്നുവെങ്കില്‍ രക്ഷിക്കുന്നതിനു വേണ്ടി ഏത് ചികിത്സക്കും വിധേയമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നായ കടിച്ച് ആഴത്തില്‍ മുറിവേറ്റതാകാം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും ശ്രീലക്ഷ്മിക്ക് പേവിഷബാധയേല്‍ക്കാന്‍ കാരണമായതെന്ന ഡി.എം.ഒയുടെ പ്രസ്താവനയോടായിരുന്നു പിതാവിന്റെ പ്രതികരണം. ശ്രീലക്ഷ്മിയുടെ ഇടതുകൈയിലാണ് നായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്.
പേവിഷബാധയേല്‍ക്കാനും ഇതാകാം കാരണമെന്നായിരുന്നു ഡി.എം.ഒ പറഞ്ഞത്. എന്നാല്‍ മുറിവിന് ആഴക്കൂടുതല്‍ എന്ന പ്രചാരണം തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണന്‍ പറയുന്നു. നായ കടിച്ച ഉടന്‍ പ്രതിരോധ വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എടുത്തെങ്കിലും മുറിവിനുള്ള സിറം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോയാണ് കുത്തിവെച്ചത്. ഇതില്‍ വന്ന കാലതാമസം പേവിഷബാധയേല്‍ക്കാന്‍ കാരണമായിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. വാക്‌സിന്റെ ഗുണനിലവാരത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല.
സംഭവത്തില്‍ ജില്ലാ കളക്ടറോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 30നാണ് മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയെ (19) അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് ശ്രീലക്ഷ്മി മരിച്ചത്.