ആലപ്പുഴ : ബൈക്കില്‍ പൊതു നിരത്തുകളില്‍ അഭ്യാസം കാണിച്ച് വണ്ടി ഓടിച്ചവരില്‍ പലരെയും മോട്ടോര്‍ വാഹനവകുപ്പ് കയ്യോടെ പൊക്കി. ഇത്തരക്കാർക്ക് എതിരെ കര്‍ശന നടപടി തുടരാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ ഇതിനോടകം 1660 പേര്‍ കുടുങ്ങി. 143 പേരുടെ ലൈസന്‍സ് റദ്ദാക്കി. പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്.
ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെമ്പാടും, അഭ്യാസം കാണിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് മുന്നിട്ട് ഇറങ്ങിയത് .