കോന്നി: മ്ലാവിനെ പന്നിപടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തില്‍ വനപാലകര്‍ ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആസ്വഭാവികത എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് പൂച്ചക്കുളം മേനംപ്ലാക്കല്‍ വീട്ടില്‍ രാധാകൃഷ്ണ (62) നെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂച്ചക്കുളത്ത് മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റ സംഭവത്തില്‍ പ്രദേശ വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉള്ള സംഘം സഥലത്ത് എത്തുകയും രാധാകൃഷ്ണനെ ചോദ്യം ചെയുകയും ചെയ്തിരുന്നു.
തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വനപാലകര്‍ ഇയാളെ ഫോണില്‍ വിളിച്ച് വരുത്തിയ ശേഷം വനത്തിലേക്ക് കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം തിരികെ അയക്കുകയും ചെയ്തു. എന്നാല്‍ തിരികെ വന്നതിന് ശേഷം ഇയാള്‍ വളരെ ദുഃഖിതന്‍ ആയിരുന്നു എന്നും ആരോടും ഒന്നും സംസാരിച്ചിരുന്നില്ല എന്നും ഭാര്യ സഹോദരി കൗസല്യയും മക്കളായ ദീപയും ദീപ്തിയും പറയുന്നു. ഇതിന് ശേഷമാണ് രാധാകൃഷ്ണനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മരിച്ചതിന് ശേഷം നിച്ച് ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം പല ദിവസങ്ങളില്‍ രാത്രിയും പകലുമായി വനപാലകര്‍ പ്രദേശത്തെ വീടുകളില്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ കയറി ഇറങ്ങുകയും ആളുകളെ ഭയപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാന പ്രതിയായ അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. ബന്ധപ്പെട്ട പ്രതികളെ പിടികൂടാതെ നിരപരാധികളെ ക്രൂശിക്കുന്ന നടപടിയാണ് വനപാലകര്‍ ചെയ്യുന്നത് എന്നും ബന്ധുക്കള്‍ പറയുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടണം എന്നും രാധാകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആണ് നാട്ടുകാരുടെ തീരുമാനം.