ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ശക്തമായ നിശ്ചയദാര്‍ഢ്യവും രാജ്യത്തോടുള്ള സ്നേഹവും ആവശ്യമായതിനാല്‍ രാഹുലിന് തന്റെ ഏറ്റവും നല്ല സ്വപ്നങ്ങളില്‍ പോലും വീര്‍ സവര്‍ക്കറാകാന്‍ കഴിയില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. സവര്‍ക്കര്‍ ബ്രിട്ടീഷ് കോളനിവല്‍ക്കരണക്കാരുടെ മാപ്പപേക്ഷക്കാരനാണെന്നും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ താന്‍ ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താക്കൂര്‍.
”പ്രിയ രാഹുല്‍, നിങ്ങളുടെ സ്വപ്നങ്ങളില്‍ പോലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല, കാരണം സവര്‍ക്കറാകാന്‍ ശക്തമായ നിശ്ചയദാര്‍ഢ്യവും ഭാരതത്തോടുള്ള സ്‌നേഹവും നിസ്വാര്‍ത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സവര്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്തും താക്കൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സവര്‍ക്കറുടെ ധീരത, ത്യാഗം, രാഷ്ട്രത്തിനായുള്ള നിസ്വാര്‍ത്ഥ സേവനം എന്നിവ അംഗീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നതായി താക്കൂര്‍ പറഞ്ഞു.