ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമുള്ള ദ്രാവിഡിന്റെ മടങ്ങിവരവാണിത്. അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതയാണ് വിവരം. അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലത്തിന്റെ ഭാഗമായി ടീമില്‍ നിലനിര്‍ത്തേണ്ട താരങ്ങളെ സംബന്ധിച്ചും രാഹുലും രാജസ്ഥാന്‍ റോയല്‍സ് അധികൃതരും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സുമായി നേരത്തെ തന്നെ ദ്രാവിഡിന് ബന്ധമുണ്ട്. മലയാളി താരവും ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണുമായും ദ്രാവിഡിന് അടുത്ത ബന്ധമാണുള്ളത്. ഐപിഎല്‍ 2012,2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു.
തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ അദ്ദേഹം ടീം ഡയറക്ടറുടേയും മെന്ററുടേയും റോളിലായിരുന്നു. 2016-ല്‍ അദ്ദേഹം ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നു. 2019-ല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാകുന്നത് വരെ രാഹുല്‍ ഡല്‍ഹിക്കൊപ്പമായിരുന്നു. 2021 ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീകനായി തിരഞ്ഞെടുക്കപ്പെട്ട ദ്രാവിഡ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പടിയിറങ്ങിയത്. മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിക്രം റാത്തോറിനെ ദ്രാവിഡിന്റെ അസിസ്റ്റാന്റായി രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചേക്കും.രാഹുല്‍ മുഖ്യപരിശീലകനായി എത്തുമ്പോള്‍ 2021 മുതല്‍ ആര്‍.ആറിന്റെ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കുമാര്‍ സംഗക്കാരയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. അദ്ദേഹം ടീമിനൊപ്പം തുടരുമെന്നാണ് സൂചന.