തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ ബിജെപി – സിപിഎം ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങള്‍ എന്തുകൊണ്ട് ഇഴയുന്നു? ‘സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ തുറന്നടിച്ചു. എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല. ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം നടത്തുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപനം കുറിച്ച് ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ രാഷ്ട്രീയ ആരോപണം. ഘടക കക്ഷി നേതാക്കള്‍ ഉള്‍പ്പെടെ അണിനിരന്ന പൊതുസമ്മേളനത്തോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമേറ്റി. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ ഉയര്‍ത്തിയും രാഹുല്‍ ഗാന്ധി രംഗത്തെത്തി. സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗത്തുടക്കം. മോദി ഇന്ത്യയുടെ ഘടനയെ ദുര്‍ബലമാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടിയും നോട്ടുനിരോധനവും കര്‍ഷക സമരവും മുതല്‍ മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കേരള സര്‍ക്കാരിന്റെ നയംവരെ വിഷയമായി. ആയിരങ്ങളാണ് ശംഖുമുഖം കടപ്പുറത്ത് തടിച്ചുകൂടിയത്. പിണറായി വിജയന് കടലിന്റെ മക്കള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.