കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കല്‍പ്പറ്റയില്‍ രാത്രിയും പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചാണ് കല്‍പ്പറ്റയില്‍ നടക്കുന്നത്. വയനാട്ടില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പന്തം കൊളുത്തിയാണ് പ്രവത്തകരുടെ മാര്‍ച്ച്. എസ്‌കെഎംജെഎസ് സ്‌കൂളില്‍ നിന്ന് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് മാര്‍ച്ച്.
മാനനഷ്ടക്കേസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുകയായിരുന്നു. കോടതി ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളിലാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. അദാനി വിഷയത്തില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിരന്തരം ശബ്ദമുയര്‍ത്തുന്നതിലുള്ള പ്രതികാര നടപടിയാണ് രാഹുലിനെതിരെ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.