ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോൺഗ്രസ് മുക്ത ഭാരത പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നിന്ന് കോൺഗ്രസിനെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർക്ക് പോലും സാധിച്ചിട്ടില്ലെന്നും പിന്നെ മോദിജിക്ക് ഇത് എങ്ങനെ സാധിക്കുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മുംബൈയിൽ വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗത്തിന് ശേഷം പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
“മോദിജി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുമെന്ന്, പക്ഷേ ലോകത്തിലെ തന്നെ വലിയ ശക്തിയായ ബ്രിട്ടീഷുകാർ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം മോദിക്ക് എങ്ങനെ സാധിക്കും?” രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് നിന്നും ബ്രിട്ടീഷുകാർ കോൺഗ്രസിനെയല്ല, കോൺഗ്രസ് ബ്രിട്ടീഷുകാരെയാണ് തുരത്തിയതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം ഛത്തീസ്ഗഡിലും, തെലങ്കാനയിലും, മധ്യപ്രദേശിലും തുടരും. വരുന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം എൻ.ഡി.എ സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കാവി പാർട്ടിക്കും കോൺഗ്രസിനെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.